കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി;കളക്ടര്‍ അന്വേഷണം ആരംഭിച്ചു,യാത്രാ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും

Spread the love

കൂട്ട അവധിയെടുത്തു മൂന്നാറില്‍ ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും. ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയില്‍ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നല്‍കിയിരുന്നു. അവധി അപേക്ഷ നല്‍കിയവരും നല്‍കാത്തവരും ഉല്ലാസയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു.

63 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ ഇന്നലെ 42 ജീവനക്കാരാണ് ഇല്ലാതിരുന്നത്. രണ്ടാം ശനി, ഞായര്‍ അവധികള്‍ ചേര്‍ത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവര്‍. ഇതില്‍ 20 പേര്‍ മാത്രമാണ് അവധി അപേക്ഷ നല്‍കിയത്. 22 ജീവനക്കാര്‍ അനധികൃതമായിട്ടാണ് അവധിയെടുത്തത്. തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനടക്കമുള്ളവര്‍ ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്‌പോണ്‍സര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കളക്ടര്‍ അന്വേഷിക്കും.

കോന്നി താലൂക്ക് ഓഫീസിലെത്തിയ ജനം വലഞ്ഞതിനെത്തുടര്‍ന്ന്, എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി അഞ്ചു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചതായി റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ കൂട്ട അവധി ഏതു വിധത്തിലും പ്രോത്സാഹിപ്പിക്കാനാകുന്നതല്ല. അവധി അപേക്ഷ ഒരുമിച്ച് ഉദ്യോഗസ്ഥന്റെ കയ്യില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ മേലധികാരി അതിന് ഉത്തരം പറയേണ്ടി വരും, മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *