സാധാരണക്കാരെ ഞെക്കിപ്പിഴിയുന്നു, വന്‍കിട തോട്ട ഉടമകള്‍ക്ക് നികുതിയിളവ് പ്രാബല്യത്തില്‍
കോഴിക്കോട്: പൊതുജനത്തിന് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ക്കിടെ സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാര്‍ഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്.
ഇനി കൈവയ്ക്കാന്‍ മദ്യവും ഇന്ധനവുമില്ലാതെ മറ്റൊന്നുമില്ല, കേരളത്തിന് മുന്നോട്ട് പോകാന്‍ ചില നികുതി പരിഷ്‌കരണങ്ങള്‍ അനിവാര്യം. ഇങ്ങനെയെല്ലാം വിശദീകരിച്ച് കുടിവെളളം മുതല്‍ ഇന്ധനം വരെയുളളവയുടെ വില വര്‍ദ്ധനയുമായി സഹകരിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിക്കുന്ന സര്‍ക്കാര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകളോട് കാട്ടുന്ന കാരുണ്യം കാണാതെ പോകാനാകില്ല. തോട്ടം മേഖല ആകെ നഷ്ടത്തിലെ ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്താന്‍ പിണറായി സര്‍ക്കാര്‍ 2018ല്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവര്‍ണര്‍ അടുത്തിടെ ഒപ്പുവച്ചത്.