ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി, തുടര്‍ ചികിത്സയ്ക്ക് ഇന്ന് ബംഗലൂരുവിലേക്ക് മാറ്റില്ല
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ശ്വസനത്തിനായി ഏര്‍പ്പെടുത്തിയ ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി. ഉമ്മന്‍ചാണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ചു. തുടര്‍ ചികിത്സയ്ക്ക് ഇന്ന് ബംഗലൂരുവിലേക്ക് മാറ്റില്ലെന്നും ഡോക്ടര്‍ മഞ്ജു അറിയിച്ചു.
നല്കുന്ന ആന്റിബയോട്ടിക് മരുന്നുകളോട് ഉമ്മന്‍ചാണ്ടിയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. ന്യൂമോണിയ നല്ലരീതിയില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തുമ്പോള്‍ പനിയും ശ്വാസം മുട്ടുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പനിയോ മറ്റു ബുദ്ധിമുട്ടുകളോ വന്നിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണസുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്.
ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുന്നുണ്ട്. എല്ലാവരെയും തിരിച്ചറിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍, നിലവിലെ അസുഖം പൂര്‍ണമായും ഭേദമായശേഷം തുടര്‍ ചികിത്സയ്ക്ക് കൊണ്ടുപോകാമെന്നാണ് കുടുംബവും സര്‍ക്കാരും തീരുമാനിച്ചിട്ടുള്ളതെന്നും ഡോക്ടര്‍ അറിയിച്ചു.
ആശുപത്രി മാറ്റം ഉടന്‍ ഉണ്ടായേക്കില്ല. ഉമ്മന്‍ചാണ്ടിയെ ഇന്ന് കൊണ്ടുപോകാന്‍ സാധ്യത കുറവാണ്. 48 മണിക്കൂറിനകം വളരെ നല്ല നിലയില്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ നല്കി വരുന്ന ചികിത്സകള്‍ സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. അവര്‍ ഏതാനും മരുന്നുകളും നിര്‍ദേശിച്ചിട്ടുണ്ട്. അതും പാലിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി, ആരോഗ്യവകുപ്പിനെയും സര്‍ക്കാരിനെയും അറിയിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.