പികെ ഫിറോസിന് ജാമ്യം

Spread the love

തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് അറസ്റ്റിലായ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഫിറോസിന് ജാമ്യം അനുവദിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നെങ്കിലും പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

തിരുവനന്തപുരം പാളയത്തുവെച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഫിറോസ് നേരത്തെ പറഞ്ഞിരുന്നു. സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. അറസ്റ്റ് ചെയ്താലും പിന്മാറുകയില്ലെന്നും സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *