തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 100ൽ ഏറെപ്പേർ മരിച്ചു, ഇരുരാജ്യങ്ങളിലും കനത്ത നാശനഷ്ടം
ഈസ്താംബുള്‍: തുര്‍ക്കിയിലെ ശക്തമായ ഭൂചലനത്തില്‍ 23 പേര് മരിച്ചു. തുര്‍ക്കിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ മേഖലയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകർന്നു വീണു. ധാരാളം പേര് ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകൾ.
തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. തുർക്കിയിലെ മലത്യ നഗരത്തിൽ 23 പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420 പേർക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17 പേരും ഉസ്മാനിയ (7), ദിയർബാകിർ (6) എന്നിങ്ങനെയാണ് മരിച്ചത്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
പ്രാദേശിക സമയം നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകൾ. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പ്രദേശത്ത്.
സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.