മൂന്നാറിൽ വീണ്ടും ബാലവിവാഹം. യുവാവിനെതിരെ പോക്സോ കേസെടുത്തു
മൂന്നാർ: മൂന്നാറിൽ വീണ്ടും ബാലവിവാഹം. യുവാവിനെതിരെ പോക്സോ കേസെടുത്തു. പതിനേഴുകാരിയെ വിവാഹം ചെയ്ത സംഭവത്തിലാണ് പോക്സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തത്. പ്രതിയായ യുവാവ് ഒളിവിലാണ്. ദേവികുളം കുറ്റ്യാർവാലി സ്വദേശിക്കെതിരെയാണ് പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ അമ്മയോടൊപ്പം വിട്ടയച്ചു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 47കാരൻ 16കാരിയെ വിവാഹം കഴിച്ച സംഭവം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. അതിർത്തിഗ്രാമങ്ങളും ആദിവാസി മേഖലകളും കേന്ദ്രീകരിച്ച് ബാലവിവാഹങ്ങൾ നടക്കുന്നതായി ഇടക്കിടെ റിപ്പോർട്ടുണ്ടെങ്കിലും പരാതി ലഭിക്കാത്തത് പൊലീസിനെയും ശിശുക്ഷേമ സമിതിയെയും കുഴക്കുന്നു. പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് വിവാഹം നടത്തുന്ന സംഭവങ്ങളുമുണ്ട്. വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുവാദത്തോടെയാണ് പല വിവാഹങ്ങളും.