തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക; 6.75 ലക്ഷം
തൃശ്ശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപ. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകക്ക് ഏക്കത്തിനെടുത്തത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരേക്കും കേരളത്തില്‍ ആനകള്‍ക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങള്‍ പറയുന്നു.
2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പന്‍ രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വിലക്ക് വന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. 2019ല്‍ വിലക്കിനിടയില്‍ ഒരു മണിക്കൂര്‍ കര്‍ശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതില്‍ തുറക്കാന്‍ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേ ഗോപുര വാതില്‍ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.