പുതുപ്പള്ളിയിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ട് കുടുംബ പോര്
പുതുപ്പള്ളിയിൽ കോൺഗ്രസിൽ കുടുംബ കലാപം: കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ സോഷ്യൽ മീഡിയ – ഔട്ട് റീച്ച് തർക്കം : ഗ്രൂപ്പ് കളിയ്ക്ക് പിന്നിൽ മുതിർന്ന നേതാവിന്റെ മകനും മകളും
പുതുപ്പള്ളി : പുതുപ്പള്ളിയിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ട് കുടുംബ പോര്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് മുതിർന്ന നേതാവ് വിശ്രമത്തിലേയ്ക്ക് മാറിയതോടെയാണ് മകനും മകളും പാർട്ടി പിടിക്കാൻ മൂപ്പിളമ തർക്കവുമായി രംഗത്ത് എത്തിയത്. ഇതോടെ പുതുപ്പള്ളി കോൺഗ്രസിൽ മുതിർന്ന നേതാവിന്റെ മകനും മകളും നേതൃത്വം നൽകുന്ന വിഭാഗവും സജീവമായി.
മകന് പാർട്ടിയ്ക്കുള്ളിൽ സ്ഥാനങ്ങൾ നൽകി വളർത്തി എടുക്കുകയായിരുന്നു മുതിർന്ന നേതാവ് ചെയ്തിരുന്നത്. എന്നാൽ , ഇദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സജീവമാകാതെ വന്നതോടെയാണ് മകൾ സ്ഥാന മോഹവുമായി രംഗത്ത് എത്തിയത്. പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന മകൻ പക്ഷേ, പുതുപ്പള്ളി കേന്ദ്രീകരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. പുതുപ്പള്ളിയിൽ ഇദേഹത്തിന് അനുയായികൾ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇദേഹത്തിന്റെ പ്രവർത്തനം. ഇതിനിടെയാണ് മകൾ പുതുപ്പള്ളി ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ സജീവമായത്.
സോഷ്യൽ മീഡിയയിൽ അനുയായികളെ കണ്ടെത്തുകയും , ഇത് വഴി പൊതുപ്രവർത്തന രംഗത്ത് സജീവമാകുകയും ലക്ഷ്യമിട്ട മകൾ ഇതിനോടകം തന്നെ പുതുപ്പള്ളിയിലെ പല പൊതു പരിപാടികളിലും സജീവമായിട്ടുമുണ്ട്. ഇത് തിരിച്ചറിഞ്ഞ മകൻ ഇതിനിടെ സോഷ്യൽ മീഡിയയിൽ മകളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ട് തുടങ്ങിയതായാണ് വിവരം. ഇത് കുടുംബത്തിലും പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടയിലും ഗ്രൂപ്പ് സജീവമാക്കാൻ ഇരു വിഭാഗവും ശ്രമം തുടരുന്നുണ്ട്.
ഇതിനിടെ , മകൾക്ക് പുതുപ്പളളി പള്ളിയിൽ ചട്ടവിരുദ്ധമായി മെമ്പർഷിപ്പ് അനുവദിക്കാൻ മുതിർന്ന നേതാവ് ഇടപെട്ടതും വിമർശനത്തിന് ഇടയാക്കി. ഇതിൽ പ്രതിഷേധവുമായി ഇടവക കമ്മിറ്റി അംഗങ്ങൾ രംഗത്ത് എത്തി. പിതാവ് ആരോഗ്യപരമായി അവശനായിരിക്കെ കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ മകൾ അനാവശ്യമായി ഇടപെട്ടതും വിമർശനത്തിന് ഇടയാക്കിയിരുന്നു. മുതിർന്ന നേതാവിന്റെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷികം മുതലാണ് മകൾ രാഷ്ട്രീയ മോഹം സജീവമാക്കിയത്. പിതാവിന് ശേഷം പുതുപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് മകനും മകളും ഇറങ്ങിയത് കോൺഗ്രസ് പാർട്ടിയിലും കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.