ചുവന്ന കൊടി നാട്ടി, കോമ്പൗണ്ടില്‍ മാലിന്യം തള്ളി; സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന പരാതിയുമായി പിടി ഉഷ
ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി. നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോട അനധികൃത നിര്‍മാണം നടക്കുകയാണെന്നും ഉഷ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്പോണ്‍സര്‍ മാര്‍ ഉണ്ടായിരുന്നു. അത് നടന്നില്ല. എന്നാല്‍ ഇന്ന് ആരും അതിന് തയ്യാറായി മുന്നോട്ടുവന്നിട്ടില്ല. സ്‌കൂളിന്റെ കൈയില്‍ അതിനാവശ്യമായ പണവും ഇല്ലെന്ന് ഉഷ പറഞ്ഞു.
പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാല്‍ ഈ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും. പ്രദേശത്ത് ഏതെങ്കിലും വീട്ടില്‍ കല്യാണം നടന്നാല്‍ ആ മാലിന്യം മുഴുവന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളുമെന്നും ഉഷ പറഞ്ഞു. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. കുറച്ചുമുന്‍പ് ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത്. ഇപ്പോള്‍ ആരാണെന്ന് അറിയില്ല. വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. 25 കുട്ടികളില്‍ 11 പേര്‍ നോര്‍ത്ത് ഇന്ത്യക്കാരാണ്. 12ാം തീയതി സെലക്ഷന്‍ വരാന്‍ പോകുകയുമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികള്‍ സ്വകരിക്കണം. തനിക്ക് ഒരുപാര്‍ട്ടിയുമായി ബന്ധമില്ലെന്നും പിടി ഉഷ പറഞ്ഞു.