ബജറ്റ് അവതരണം തുടങ്ങി; ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു: ധനമന്ത്രി

Spread the love

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ബജറ്റ് അവതരണം തുടങ്ങി; ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു: ധനമന്ത്രി പറഞ്ഞു.
സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള ബ്ലൂപ്രിന്റ് ആണിത്. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു. പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെ എന്നും മുന്‍ഗണന നല്‍കി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കും. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇതെല്ലാം യാഥാര്‍ത്യമാക്കി.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. ഇത്തവണയും ‘പേപ്പര്‍ലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്; അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും.
ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞു. ജനകീയ ബജറ്റാണെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി, ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന് പറഞ്ഞിരുന്നു.
അതേസമയം, അവതരണത്തിനു മുന്‍പേ ബജറ്റ് പ്രചാരണത്തിന് ബിജെപി ഒരുങ്ങി. ഫെബ്രുവരി 12 വരെ രാജ്യമാകെ പ്രചാരണ പരിപാടികള്‍ നടത്തും. ശനിയും ഞായറും 50 കേന്ദ്രങ്ങളില്‍ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് നേതൃത്വം നല്‍കും. സുശീല്‍ മോദിയുടെ അധ്യക്ഷതയില്‍ ഒന്‍പതംഗ സമിതിക്കാണ് പ്രചാരണത്തിന്റെ മേല്‍നോട്ടം.

Leave a Reply

Your email address will not be published. Required fields are marked *