സാമൂഹിക സുരക്ഷാപെന്‍ഷന്‍: ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവരെ ഒഴിവാക്കും

Spread the love

തിരുവനന്തപുരം: വര്‍ഷം ഒരുലക്ഷം രൂപയിലേറെ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ്. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍മുതല്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം നല്‍കണം. വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. അഞ്ചുലക്ഷം പേരെങ്കിലും ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.
ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാനപരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടിവരുന്നത്.
വരുമാനം ഒരുലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതല്‍ നിലവിലുണ്ട്. 2014ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുമാനപരിധി മൂന്നുലക്ഷമാക്കി ഉയര്‍ത്തി. പത്തുമാസം കഴിഞ്ഞപ്പോള്‍ ആ സര്‍ക്കാര്‍തന്നെ അത് പിന്‍വലിച്ച് വീണ്ടും ഒരു ലക്ഷമാക്കി. ഇതോടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടുതട്ടിലായി.
അന്ന് വരുമാനപരിധി ഉയര്‍ത്തിയപ്പോള്‍ ഒമ്പത് ലക്ഷം പേരാണ് പുതുതായി പെന്‍ഷന് അര്‍ഹതനേടിയത്. നിലവിലെ വരുമാനപരിധി കര്‍ശനമാക്കുന്നതോടെ അവരില്‍ ഇനിയും പെന്‍ഷന്‍ വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *