പായുന്ന ലോറിയുടെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടി, പിന്നില്‍ കിടന്ന് ഡ്രൈവര്‍; ആരും ഞെട്ടണ്ട… ഇതാണ് ആ സംഭവം
തിരുവനന്തപുരം: ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റില്‍ കിടന്നു ചിരിക്കുന്ന കൂള്‍ ഡ്രൈവര്‍. ‘ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
എന്നാല്‍ വിഡിയോയുടെ വാസ്തവം എന്താണെന്നു പുറത്തുവിട്ടിരിക്കുകയാണു കേരള പൊലീസ്. ചരക്കുലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന റോ–റോ സര്‍വീസില്‍ ഉള്‍പ്പെട്ട ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ചിലരെങ്കിലും വാസ്തവമറിയാതെ ഇതുപോലുള്ള പരീക്ഷണങ്ങള്‍ ചെയ്ത് അപകടം വരുത്തി വയ്ക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തു. പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇതുപോലുള്ള വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടാവുക? യുട്യൂബ് കാണികളെ കൂട്ടാന്‍ എന്ത് തോന്ന്യാസവും കാണിക്കാം എന്നത് അപകടരമല്ലേയെന്നും പൊലീസിനോട് ചിലര്‍ ചോദിച്ചു.