കല്യാണ മണ്ഡപത്തില്‍ വരണമാല്യവുമായി നില്‍ക്കുന്നതിനിടെ വിവാഹത്തില്‍നിന്നു പിന്മാറി വധു; സംഭവം പറവൂരില്‍
കല്യാണ മണ്ഡപത്തില്‍ വരണമാല്യവുമായി നില്‍ക്കുന്നതിനിടെ വിവാഹത്തില്‍നിന്നു പിന്മാറി വധു. പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ നടക്കവെ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് യുവതി വരനെ അറിയിക്കുകയായിരുന്നു.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വരനും സംഘവുമാണ് ചടങ്ങുകള്‍ക്കായി ക്ഷേത്രത്തില്‍ ആദ്യമെത്തിത്. നിശ്ചിച്ച സമയത്ത് വിവാഹചടങ്ങുകള്‍ തുടങ്ങി. താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ നടക്കവേ പൂജാരി നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു. തുടര്‍ന്ന് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് യുവതി വരനോട് പറഞ്ഞു. വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങള്‍ ഇതുവരെ എത്തിയതെന്നും എം കോം ബിരുദധാരിയായ യുവതി അറിയിച്ചു.
കാര്യങ്ങള്‍ ബോധ്യപ്പെട്ട വരന് വിവാഹത്തില്‍ നിന്ന് പിന്മാറി. വരനും കുടുംബവും വടക്കേക്കര പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വരന്റെ കുടുംബത്തിനുണ്ടായ ചിലവ് യുവതിയുടെ വീട്ടുകാര്‍ നഷ്ടപരിഹാരമായി നല്‍കും.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവുമായി സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ച് ബന്ധുക്കള്‍ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.