അടുത്ത നാല് മാസം ‘കരണ്ട്’ സൂക്ഷിച്ച് ഉപയോഗിച്ചോ, ഇല്ലെങ്കില്‍ പോക്കറ്റ് കാലിയാകും; വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍നിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.
2021 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയും കഴിഞ്ഞവര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സര്‍ചാര്‍ജ് ചുമത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തല്‍ക്കാലം പരിഗണിക്കേണ്ടെന്നും ബോര്‍ഡിന്റെ കണക്കുകള്‍ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാല്‍ മതിയെന്നും കമ്മിഷന്‍ തീരുമാനിച്ചു.
വര്‍ധന തുടരുമോ?
താപവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത കല്‍ക്കരി കൂടി ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതി വില വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരും മാസങ്ങളിലും സര്‍ചാര്‍ജ് വര്‍ധിക്കാനാണു സാധ്യതയെന്നു വിദഗ്ധര്‍ പറയുന്നു.