യുവജനക്കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തോട് പ്രതികരിച്ച് ചങ്ങമ്പുഴയുടെ മകള്‍ ലളിത
കൊച്ചി: യുവജനക്കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തോട് പ്രതികരിച്ച് ചങ്ങമ്പുഴയുടെ മകള്‍ ലളിത. വാഴക്കുല എഴുതിയത് വയലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ ആവാത്തത്. തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു.
‘വാഴക്കുല’ തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം ക്യാന്‍സല്‍ ചെയ്യണം.രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് ‘വാഴക്കുല’ തന്നെ അല്‍പം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി എഴുതുക. നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണം.
രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാല്‍ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാര്‍ത്ഥിയോട് ക്ഷമിക്കാനാകും പക്ഷെ ഗൈഡിനോട് അത് പറ്റില്ല.’. ലളിത ചങ്ങമ്പുഴ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിന്റെ പ്രതികരണം.