ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; 27 കാരന് അറസ്റ്റില്‍
ആലപ്പുഴ: നൂറനാട്ട് ഭിന്നശേഷിക്കാരിയെ തട്ടുക്കൊണ്ടു പോയി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി പ്രണവ് അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം എന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടു കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രണവ് വഴിയില്‍ വെച്ച് തടയുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയുമായിരുന്നു. ഇവിടെനിന്ന് ഇയാളുടെ തന്നെ വീട്ടിലെത്തിച്ചാണ് ക്രൂരമായി ബലാത്സംഗംചെയ്തത്.
പ്രണവ് നിരന്തരം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഉപദ്രവം കാരണം വീട്ടുകാരെല്ലാം ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ്. ഇയാള്‍ വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്.
റോഡില്‍ വെച്ചുണ്ടായ പിടിവലിയില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ റോഡില്‍ വീണിരുന്നു. ഇത് കണ്ട നാട്ടുകാരാണ് മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കള്‍ എത്തി പ്രദേശത്ത് പരിശോധച്ചിപ്പോഴാണ് വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. ഈ സമയത്ത് പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.