വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്, കൗണ്‍സിലറെ സസ്‌പെന്റ് ചെയ്ത് സിപിഎം

Spread the love

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തില്‍ സി.പി.എം. കൗണ്‍സിലര്‍ സുജിനെ സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുജിനും ഭാര്യ ഗീതുവിനുമെതിരെയിരുന്നു പരാതി.
സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടില്‍ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവര്‍. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയില്‍ ഒറ്റയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിന്‍ ഈ വീട്ടില്‍ താമസം തുടങ്ങിയത്.
അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതില്‍ പലതും പണയം വെച്ചു, ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വര്‍ണവും കൊടുത്തില്ലെന്നും ബേബി കണ്ണീരോടെ പറഞ്ഞു. സൗഹൃദത്തിന്റെ മറവില്‍ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം.
ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേര്‍ന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. ബേബി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. ചെയര്‍മാന്‍ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിന്‍ വഴങ്ങിയില്ലെന്നും ബേബി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *