ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി

Spread the love

ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ വീട്ടിലാണ് വ്യാജ മദ്യ നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. എക്‌സൈസ് നടത്തിയ പരിശോധനയിൽ 70 ലിറ്റർ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെത്തി.

കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമാണ കേന്ദ്രം കണ്ടെത്തിയത്. പൂപ്പാറയിൽ 35 ലിറ്റ‌ർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരായിരുന്നു പിടിയിലായത്. ബിനു, മകൻ ബബിൻ,പൂപ്പാറ ബിവറേജസിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശിയായ ബിനു, ഇയാളുടെ ബന്ധു ബിജു എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്. ചില്ലറ വിൽപ്പനക്കാർക്ക് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജമദ്യമെത്തിച്ചു നൽകുന്ന സംഘത്തെയായിരുന്നു പിടികൂടിയത്.
അതിൽ കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 70 ലിറ്റർ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്. എംസി മദ്യത്തിന്റെയും സർക്കാരിന്റെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. ബെവ്കോ ഔട്ലെറ്റിൽ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വിൽപന നടത്തുന്ന ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാനായി കൊണ്ടു വന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. വ്യാജമദ്യ നിർമ്മാണ യൂണിറ്റ് എക്സൈസ് സംഘം നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *