ബിബിസി ഡോക്യുമെന്ററി; സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം തുടര്‍ന്ന് വാര്‍ത്ത വിതരണ മന്ത്രാലയം
ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം തുടര്‍ന്ന് വാര്‍ത്ത വിതരണ മന്ത്രാലയം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഇതുവരെ നീക്കം ചെയ്തത് നൂറിലേറെ ട്വീറ്റുകളാണ്. നേരത്തെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ ശുപാര്‍ശയെ തുടര്‍ന്ന് ഡോക്യുമെന്ററി നിരോധിച്ചിരുന്നു. എന്നാല്‍ നിരോധിച്ച രീതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി ഐടി നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗത്തിനെതിരെ സുപ്രീം കോടതിയിലടക്കം ഹര്‍ജികള്‍ നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചിരുന്നു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദമാക്കുന്നത്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ബിബിസി ഡോക്യുമെന്ററിക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ജഡ്ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊളോണിയല്‍ മനോനിലയില്‍ നിന്നും പിറവി എടുത്തതാണ് ഡോക്യുമെന്ററിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുന്‍ മേധാവി അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവന വിശദമാക്കിയിരുന്നു.
ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ പ്രമുഖരും ഇതിനോടകം സര്‍ക്കാരിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാര്‍ലമെന്റ് അംഗവും വ്യവസായിയുമായ ലോര്‍ഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വിന് കത്തയച്ചത്. ജി 20യുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ബ്രിട്ടനും നിര്‍ണായ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തില്‍ ആരോപിക്കുന്നു.
അതേസമയം ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച യുകെയില്‍ സംപ്രേഷണം ചെയ്യും. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.