ഗുണ്ടാബന്ധം: പൊലീസിലെ കളങ്കിതരെ പിരിച്ചുവിടാന്‍ ഡിജിപിയുടെ അനുമതി, സംസ്ഥാന വ്യാപക പരിശോധനക്ക് നിര്‍ദേശം
പൊലീസിലെ ഗുണ്ടാ- മാഫിയ ബന്ധത്തില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദേശം. കളങ്കിതര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുളള കര്‍ശനനടപടിയെടുക്കാനും ഡിജിപി അനുമതി നല്കി. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി യോഗം ചേര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശം.
ഐജി, ഡിഐജി, ജില്ലാ പൊലീസ് മേധാവി, കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. മുഴുവന്‍ ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും, പഴയ കേസുകളിലെ ഇടപെടല്‍ അടക്കം ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ മാതൃകപരമായ നടപടിയെടുത്തത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണെന്നും ഡിജിപി പറഞ്ഞു.
തിരുവനന്തപുരത്ത്, ലൈംഗിക പീഡനക്കേസില്‍ പ്രതികളായ 2 പൊലീസുകാരെയും പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഇന്‍സ്പെക്ടറെയും കഴിഞ്ഞദിവസം സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. അരുവിക്കര സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദിച്ച കേസിലും പ്രതിയായ നന്ദാവനം എആര്‍ ക്യാംപിലെ ്രൈഡവര്‍ ഷെറി എസ് രാജ്, മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായ തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന് റെജി ഡേവിഡ്, പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ശ്രീകാര്യം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ് എന്നിവരെയാണ് സര്‍വീസില്‍നിന്നു പുറത്താക്കിയത്.