ലോ കോളജ് വിദ്യാര്‍ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു: അപര്‍ണ ബാലമുരളി
കൊച്ചി: എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി പറഞ്ഞു. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോള്‍ വേദിയില്‍ കയറിയ വിദ്യാര്‍ഥി കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപര്‍ണ.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി – അപര്‍ണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. അതേസമയം, അപര്‍ണയോടു വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ചു.