‘രാഹുൽ ​ഗാന്ധി സമർഥൻ; ‘പപ്പു’വെന്നു വിളിക്കുന്നത് നിർഭാഗ്യകരമെന്ന് രഘുറാം രാജൻ

Spread the love

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു പരിഹസിക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധി സമർഥനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ‘പപ്പു’ പ്രതിഛായ നിർഭാഗ്യകരമെന്നാണ് ഞാൻ കരുതുന്നത്. ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തിൽ ഇടപെടാൻ സാധിച്ചിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹം ‘പപ്പു’ ആണെന്നു തോന്നിയിട്ടില്ല. സമർഥനും ചെറുപ്പക്കാരനും ശ്രദ്ധാലുവുമായ വ്യക്തിയാണ് അദ്ദേഹം. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഞാൻ പങ്കാളിയായത്, യാത്ര മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലും ഞാൻ ചേരില്ല’രഘുറാം രാജൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, മൻമോഹൻ സിങ് നയിച്ച കോൺഗ്രസ് സർക്കാരിന്റെ നയങ്ങളെയും വിമർശിച്ചിട്ടുണ്ട് എന്നായിരുന്നു രഘുറാം രാജന്റെ മറുപടി. ഇന്ത്യയുടെ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റേതു കഠിനമായ ജോലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.‌‌ ‘‘നിർമല സീതാരാമന്റെ ജോലിയെ റാങ്ക് ചെയ്യാൻ ഞാനില്ല. അങ്ങനെ ചെയ്യുകയുമില്ല. അവർ കഠിനമായ ജോലിയാണു ചെയ്യുന്നത്. രാജ്യത്തു മധ്യവർഗത്തിലെ താഴെത്തട്ടിലുള്ളവർക്ക് ആശങ്കയുണ്ട്. അവരുടെ തൊഴിലുകൾ നഷ്ടമാകുന്നു. പക്ഷേ, വലിയ ബിസിനസുകൾ നന്നായി നടക്കുന്നുണ്ട്. കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളുകയും ചെയ്തു. കോവിഡ് മഹാമാരി മധ്യവർഗത്തിലെ താഴെത്തട്ടിലുള്ളവരെയാണു മോശമായി ബാധിച്ചത്.’രഘുറാം രാജൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *