മൂന്നാറില്‍ പടയപ്പയെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍; ഡ്രൈവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം

Spread the love

മൂന്നാറിലെ കാട്ടു കൊമ്പന്‍ പടയപ്പയെ വിരട്ടിയ സംഭവത്തില്‍, ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വനംവകുപ്പിന് വിവരം ലഭിച്ചത്.

കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജാ ആണ് കേസെടുത്തത്. ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന പടയപ്പയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ മുഴക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്തത് പടയപ്പയെ നേരിയ തോതില്‍ പ്രകോപ്പിച്ചു. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കാട്ടുകൊമ്പന്‍ പടയപ്പയെ കാണിക്കാം എന്ന് വാഗ്ദാനം നല്‍കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസോര്‍ട്ട് ഉടമകളും, ജീപ്പ് ഡ്രൈവര്‍മാരും ടൂറിസ്റ്റുകളെ കൂട്ടിക്കൊണ്ടു പോകുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണ് എന്നാണ് വനം വകുപ്പ് പറയുന്നത്. പടയപ്പയെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *