അഞ്ചാമത് വിവാഹം കഴിക്കാന്‍ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം

Spread the love

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്ടിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് ജോയി ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയുമാണ് പിഴ. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ചുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഇരകള്‍ക്കായുള്ള സര്‍ക്കാര്‍ നിധിയില്‍ നിന്ന് കുട്ടികള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
സുനിത ഉള്‍പ്പെടെ നാലു ഭാര്യമാരുള്ള ജോയ്, അഞ്ചാമത് വിവാഹംകൂടി കഴിക്കാന്‍വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. തന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്. പ്രതിക്ക് സമൂഹത്തില്‍ ജീവിക്കാനുള്ള അര്‍ഹത ഇല്ലെന്നും നീതിയ്ക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് കോടതിയോട് ആവശ്യപ്പെടുന്നതെന്നും കുറ്റവാളികളോട് അനുഭാവം പാടില്ലെന്ന മേല്‍ക്കോടതി ഉത്തരവുണ്ടെന്നും വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗവ. പ്ലീഡര്‍ എം സലാഹുദ്ദീന്‍ വാദിച്ചു.
2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. സുനിതയെ ജോയി മണ്‍വെട്ടിക്കൈ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്ടിക് ടാങ്കില്‍ ഉപേക്ഷിച്ചെന്നാണ് കേസ്. ഏഴും അഞ്ചും വയസുള്ള പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു അടിച്ചു വീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. അതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനു ശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് പ്രതി മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചത്.
അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാവുകയും ചെയ്തപ്പോള്‍ കുട്ടികള്‍ അനാഥാലയത്തിലായിരുന്നു. പിന്നീട് ഇവരെ ആലപ്പുഴയിലെ കുടുംബം നിയമപരമായി ദത്തെടുത്തു. കുട്ടികള്‍ പിതാവിനെതിരെ സാക്ഷി പറയാന്‍ കോടതിയിലെത്തിയിരുന്നു. അപ്പോള്‍ പിതാവിനെ കാണാന്‍ കൂട്ടാക്കുകയോ അയാളുടെ സാന്നിദ്ധ്യത്തില്‍ മൊഴി നല്‍കാനോ കുട്ടികള്‍ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതി മുറിക്ക് പുറത്ത് നിറുത്തിയ ശേഷമാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *