എല്‍ ജെ ഡി – ജെ ഡി എസ് ലയനത്തിന് ധാരണ

Spread the love

തിരുവനന്തപുരം: ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കുശേഷം എല്‍ജെഡിജെഡിഎസ് ലയനത്തിന് ധാരണയാകുന്നു. നേതൃസ്ഥാനങ്ങള്‍ തുല്യമായി പങ്കിട്ടെടുക്കാനാണ് ധാരണയായിരിക്കുന്നത്. മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എം വി ശ്രേയാംസ്‌കുമാര്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയുമാകുമെന്നാണ് ധാരണ.
ഏഴ് ജില്ലാ പ്രസിഡന്റുമാര്‍ വേണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ജെഡിക്ക് നല്‍കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനം എല്‍ജെഡിക്ക് നല്‍കും. മന്ത്രി സ്ഥാനവും ജെഡിഎസിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഒറ്റ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്നും ജനാധിപത്യ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമാണെന്നും മാത്യു ടി തോമസ് പ്രതികരിച്ചു. പദവികള്‍ അല്ല ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന ജനതാദള്‍ എസ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ധാരണയുണ്ടായത്. ഇന്നലെ കണ്ണൂരില്‍ ചേര്‍ന്ന എല്‍ജെഡി നേതൃയോഗത്തില്‍ ലയന കാര്യവും ചര്‍ച്ച ചെയ്തിരുന്നു. ഇന്ന് ജെഡിഎസ് യോഗം ചേര്‍ന്നശേഷമാണ് തീരുമാനമായത്. പാര്‍ട്ടികള്‍ക്കൊപ്പം ദേശീയ നേതൃത്വത്തിന്റെയും നിലപാടുകള്‍ കൂടി അറിഞ്ഞശേഷമാകും ലയന സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *