ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. കമ്മിഷണര്‍ അതിനനുസരിച്ചിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍, റെസ്റ്റൊറന്റുകള്‍ തുടങ്ങിയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണമെന്ന് നിര്‍ബന്ധമാക്കിയിയിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും.
തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ താമസിക്കുന്ന ഇടങ്ങള്‍ പരിശോധിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജോലിക്കാര്‍ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകമായി ട്രെയിനിങ് നല്‍കും’ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *