രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമായില്ലെങ്കിലും പൊളിറ്റിക്കലാകാന്‍ കഴിയണം’: വി.ഡി. സതീശന്
ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമാവാതെത്തന്നെ പൊളിറ്റിക്കലാകാന്‍ കഴിയണമെന്നും അല്ലെങ്കില്‍ അരാഷ്ട്രീയ സമൂഹത്തിലേക്ക് വഴുതിമാറുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സുഭാഷ് ചന്ദ്രന്റെ നോവലുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളില്‍നിന്ന് അകന്നുപോവുന്നതരത്തിലുള്ള അപചയം മുഖ്യധാരയിലെ രാഷ്ട്രീയപ്പാര്ട്ടികള്ക്കുണ്ടായിട്ടുണ്ട്. അധികാരം ലക്ഷ്യമാക്കുന്നതിലും നിലനിര്‍ത്തുന്നതിനും നീചമായ ശ്രമങ്ങളാണ് ഉണ്ടാവുന്നത്. മനുഷ്യനെ വിഭജിക്കുന്ന മതിലുകള്‍ ഇല്ലാതാക്കാനാണ് സര്‍ഗസൃഷ്ടികളിലൂടെ എഴുത്തുകാര്‍ ശ്രമിക്കുന്നതെന്നും വി.ഡി. സതീശന് ചൂണ്ടിക്കാട്ടി.
അധികാരത്തിന്റെ സ്വരൂപങ്ങളോട് നന്മയുടെ പ്രകാശം ചേരണമെന്നും രാഷ്ട്രീയനേതാക്കള്‍ക്ക് മഹത്ത്വത്തിന്റെ എലമെന്റ് നഷ്ടപ്പെടുകയാണെന്നും എഴുത്തുകാരന് സുഭാഷ് ചന്ദ്രന്‍പറഞ്ഞു. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ കണ്ട ശ്രീനാരായണഗുരുവിനെ കേരളത്തിന്റെ ദേശപിതാവായി സ്ഥാപിക്കാന്‍ കഴിയണമെന്നും സുഭാഷ്ചന്ദ്രന് പറഞ്ഞു.