സുരക്ഷാ കാരണങ്ങള്‍: അമേരിക്കയില്‍ ടിക്ടോക് നിരോധിച്ച സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി
വാഷിങ്ടണ്‍: സുരക്ഷാ കാരണങ്ങളുടെ പേരില്‍ വിഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് നിരോധിച്ച് കൂടുതല്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. വിസ്‌കോണ്‍സിനും നോര്‍ത്ത് കരോലിനയും കൂടി കടുത്ത നടപടി സ്വീകരിച്ചതോടെ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ ആകെ എണ്ണം 20 ആയി. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സ് നിര്‍മിച്ച ടിക് ടോക് നിരവധി സൈബര്‍ സുരക്ഷാ ഭീഷണികള്‍ ഉയര്‍ത്തുണ്ടെന്നാണ് സര്‍ക്കാരുകള്‍ വിശദീകരിക്കുന്നത്.
അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ അവസരം തേടുന്ന ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് രാജ്യത്തിന്റെ സൈബര്‍ ഇടങ്ങളെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. ‘അമേരിക്കയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ സജീവമായി പങ്കെടുത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാന വിവരസാങ്കേതികവിദ്യ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്’ . സൈബര്‍ ഭീഷണികളില്‍ നിന്ന് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പാക്കുന്നതിനായാണ് ടിക്‌ടോക് നിരോധിക്കുന്നതിനുള്ള തീരുമാനമെന്നും കൂപ്പര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ചൈനീസ് നിര്‍മിത ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വീ ചാറ്റും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തി വരുംദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്നും റോയ് കൂപ്പര്‍ വ്യക്തമാക്കി.