മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം, ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

Spread the love

 

പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടില്ല.
ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദ!ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മൂന്നിടത്തും ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. മെഡിക്കല്‍ സംവിധാനങ്ങള്‍, ഫയര്‍ഫോഴ്‌സിന്റെ ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനങ്ങള്‍, റിക്കവറി വാന്‍ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടര്‍ അറിയിച്ചു. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മോട്ടോ വാഹന വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയില്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്ന് കുമളിയില്‍ നിന്നുമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് വൈകിട്ട് 5 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *