ജനുവരി 11 വരെ ചൈനയില്‍ കൊവിഡ് ബാധിച്ചത് 900 ദശലക്ഷം പേര്‍ക്ക്
ജനുവരി 11 വരെ ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി പീക്കിംഗ് സര്‍വകലാശാലയുടെ പഠനം. രാജ്യത്തെ ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നത്. 91% ആളുകള്‍ രോഗബാധിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗാന്‍സു പ്രവിശ്യയാണ് രോഗബാധയില്‍ ഒന്നാം സ്ഥാനത്ത്. യുനാന്‍ (84%), ക്വിംഗ്ഹായ് (80%) എന്നീ പ്രവശ്യകളും തൊട്ടുപിന്നില്‍ തന്നെയുണ്ടെന്നും പഠനം അടയാളപ്പെടുത്തുന്നു.
കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് അതിതീവ്രവ്യാപനം രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്‍ മേധാവി സെങ് ഗുവാങ് വിലയിരുത്തുന്നത്.
പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് ചൈന താത്ക്കാലികമായി നിര്‍ത്തിവച്ചതോടെ യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ അറിയാന്‍ മാര്‍ഗമില്ലാതെ വന്നിരുന്നു. രാജ്യത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞതും മരണസംഖ്യ ഉയര്‍ന്നതും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ ഗ്രാമപ്രദേശങ്ങളില്‍ രോഗവ്യാപനം വളരെ ഉയര്‍ന്ന തോതിലാണെന്നും പീക്കിംഗ് സര്‍വകലാശാലയുടെ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.