സജീവന്‍ ഭാര്യയെ കൊന്നത് ഒറ്റയ്ക്ക്; ലക്ഷ്യം രണ്ടാം വിവാഹം, കഥ മെനഞ്ഞ് എല്ലാവരെയും വിശ്വസിപ്പിച്ചെന്ന് പൊലീസ്
കൊച്ചി: വൈപ്പിനില്‍ ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചു മൂടിയ സംഭവത്തില്‍, യുവതിയെ ഭര്‍ത്താവ് സജീവന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍. ഓഗസ്റ്റ് 16 ന് കൊല നടത്തിയെന്നാണ് പ്രതി പറഞ്ഞത്. ആദ്യഘട്ടത്തില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സംശയത്തിന് ഇടവരാത്ത തരത്തില്‍ പ്രതി കഥ മെനഞ്ഞ് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നതായും എസ്പി വിവേക് കുമാര്‍ പറഞ്ഞു.
പൊലീസിന് മുന്നില്‍ നേരത്തെ പിടിച്ചു നിന്നിരുന്ന പ്രതി, ഇന്നലെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കഴിത്തു ഞെരിച്ചാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയത്. മറ്റാരും കൊലയ്ക്ക് സഹായിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. പ്രതി പറഞ്ഞ ദിവസം സംബന്ധിച്ച് പൊലീസ് വിശദമായ പരിശോധന നടത്തും. പ്രതി സജീവനെതിരെ മുമ്പ് ക്രിമിനല്‍ കേസുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതും പൊലീസിന് സംശയം തോന്നാതിരിക്കാന്‍ കാരണമായെന്ന് എസ്പി പറഞ്ഞു.
പെയിന്റിങ്ങ് തൊഴിലാളിയായ സജീവന്‍, ഭാര്യയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട അതേ വീട്ടിലാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്. നാട്ടുകാരുമായി വളരെ സൗഹൃത്തിലാണ് ഇയാള്‍ ജീവിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭാര്യയുടെ തിരോധാനത്തില്‍ ഇയാള്‍ക്കെതിരെ സമീപവാസികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. നരബലിക്കേസിനെ തുടര്‍ന്ന് മിസ്സിങ്ങ് കേസുകളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതാണ് സജീവന്റെ അറസ്റ്റിലേക്ക് എത്തിച്ചത്.
ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്ന് പറഞ്ഞ് നാട്ടുകാരുടെ സഹതാപം പിടിച്ചുപറ്റാനും സജീവന് കഴിഞ്ഞിരുന്നു. ഭാര്യ രമ്യ ബംഗലൂരുവില്‍ പോയെന്ന് ആദ്യം പറഞ്ഞത് നാണക്കേടു കൊണ്ടാണെന്നും സജീവന്‍ സുഹൃത്തുക്കളെ അടക്കം വിശ്വസിപ്പിച്ചു. കുട്ടികളുടെ കാര്യങ്ങളെല്ലാം ഇയാള്‍ നന്നായി നോക്കിയിരുന്നു. രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് രമ്യയുടെ കൊലപാതകത്തിന് സജീവന്‍ പിടിയിലാകുന്നത്.
രമ്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി തവണ സജീവനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൊഴികലില്‍ സജീവന്‍ പറഞ്ഞ തീയതികളും രമ്യയുടെ ഫോണ്‍ രേഖകളും തമ്മിലുള്ള വൈരുധ്യമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് സജീവന്‍ അറിയാതെ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മൊഴികളിലെ വൈരുധ്യം ഏറിയതോടെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാകാതെ സജീവന്‍ കുറ്റം സമ്മതിച്ചു.