കോളജ് പ്രിന്‍സിപ്പല്‍: പിഎസ് സി അംഗീകരിച്ച പട്ടിക അട്ടിമറിക്കാന്‍ നീക്കം
തിരുവനന്തപുരം: വൈസ്ചാന്‍സലര്‍ നിയമനം, അസോസിയേറ്റ് പ്രൊഫസര്‍ നിയമനം തുടങ്ങി യു.ജി.സി. ചട്ടങ്ങള്‍ അട്ടിമറിച്ച നിയമനങ്ങള്‍ക്ക് പുറമേ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിലും അട്ടിമറി നീക്കം. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള പി.എസ്.സി. അംഗീകരിച്ച പട്ടികയാണ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. പരാതികളുണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കി കോളേജ് പ്രിന്‍സിപ്പല്‍ നിയമനപ്പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് അട്ടിമറി നീക്കം പുറത്തായത്.
യോഗ്യതയില്ലാത്ത സീനിയര്‍ അധ്യാപകര്‍ക്കുകൂടി പ്രിന്‍സിപ്പല്‍ നിയമനം നല്‍കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആക്ഷേപം. പി.എസ്.സി. അംഗീകരിച്ച റാങ്ക് പട്ടികയില്‍ പരാതി ബോധിപ്പിക്കാന്‍ നിയമനം ലഭിക്കാത്തവര്‍ക്ക് അവസരം നല്‍കി സര്‍ക്കാര്‍തന്നെ ഉത്തരവിറക്കുന്ന പതിവില്ല. പ്രിന്‍സിപ്പല്‍ നിയമനത്തിന് 15 വര്‍ഷത്തെ അധ്യാപനപരിചയം നിര്‍ബന്ധമാണെന്നാണ് യു.ജി.സി. ചട്ടം. ഇതിനു വിരുദ്ധമായി അധ്യാപകേതര തസ്തികയിലെ ഡെപ്യൂട്ടേഷന്‍ കാലയളവുകൂടി അധ്യാപനപരിചയമായി കണക്കാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതും അട്ടിമറി സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
43 പേരുടെ ലിസ്റ്റാണ് പി.എസ്.സി. അംഗീകരിച്ചത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് 110 അപേക്ഷകരില്‍നിന്ന് യോഗ്യരായ 43 പേരെ തിരഞ്ഞെടുത്ത് പി.എസ്.സി.ക്ക് വിട്ടത്. ഇത് അംഗീകരിച്ച് പി.എസ്.സി.യുടെ വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ ഈ തീരുമാനത്തിന് പിന്നാലെ നിയമന നടപടികള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ അതിനുപകരം പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയാണ് ചെയ്തത്.
പ്രിന്റ് ഒണ്‍ലി ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ അവകാശപ്പെട്ട അപേക്ഷകര്‍ ആരുംതന്നെ അസ്സല്‍ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പീല്‍ കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നവര്‍ അത് ഹാജരാക്കാനും നിര്‍ദേശിച്ചു. ഇതിനു പുറമേ യു.ജി.സി. അംഗീകൃത ജേണലുകള്‍ക്ക് പകരം കോളേജുകളില്‍ പ്രസിദ്ധീകരിക്കുന്ന ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. യു.ജി.സി. ചട്ടങ്ങള്‍ പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി.
പി.എസ്.സി. അംഗീകരിച്ച 43 പ്രിന്‍സിപ്പല്‍മാരെ സര്‍ക്കാര്‍ കോളേജില്‍ ഉടനെ നിയമിക്കണമെന്നും യു.ജി.സി. ചട്ടങ്ങള്‍ ഭേദഗതിചെയ്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കി. യു.ജി.സി. ചട്ടമനുസരിച്ച് അയോഗ്യരാക്കപ്പെട്ട സി.പി.എം. അധ്യാപകസംഘടനാ നേതാക്കളെ പ്രിന്‍സിപ്പല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കമെന്ന് കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ആരോപിച്ചു. സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയ സംഘടനാ നേതാക്കളെ പട്ടികയില്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവെന്നാണ് ആക്ഷേപം.