ഉത്തരാഖണ്ഡില്‍ ഭൂചലനം; പ്രഭവകേന്ദ്രം ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെ

Spread the love

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി. ഉത്തരകാശിയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം. ജോഷിമഠില്‍ ഭൂമി ഇടിയലും മഴയും തീര്‍ത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെയാണ് നിലവില്‍ സമീപപ്രദേശങ്ങളില്‍ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തില്‍ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍.

ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബര്‍ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിലിനും നവംബറിനുമിടയില്‍ ജോഷിമഠ് നഗരത്തില്‍ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നര്‍സിങ് മന്ദിര്‍ എന്നിവിടങ്ങളില്‍ ദ്രുതഗതിയിലുള്ള ഇടിച്ചില്‍ ഉണ്ടാകുന്നുവെന്നും ഐഎസ്ആര്‍ഒയുടെ പഠനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *