‘നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്, കള്ളന്മാര്‍ രാഷ്ട്രീയത്തില്‍ വന്ന് കട്ടുമുടിക്കുന്നു’; വിമര്‍ശനവുമായി ശ്രീനിവാസന്‍

Spread the love

രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയത്തിലെ പേരും കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ്. ജനാധിപത്യം എന്നല്ല തെമ്മാടിപത്യം എന്നാണ് ഇതിനെ പറയുകയെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ലവ്ഫുള്ളി യുവേഴ്‌സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ലെന്നും മനസ്സില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി എന്നും പറഞ്ഞുകൊണ്ടാണ് താരം രാഷ്ട്രീയക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്. നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ

ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രടീസ് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാള്‍ ആത്മഹത്യാ ചെയ്യുമായിരുന്നു. കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവര്‍ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കണക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *