അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അടിമാലി: ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.