ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍.വിതരണം ഹൈക്കോടതി തടഞ്ഞു
പത്തനംതിട്ട: ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് അരവണ വിതരണം ഹൈക്കോടതി തടഞ്ഞു. നിലവിലുള്ള അരവണപ്പായസം സീല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. ദേവസ്വം ബോര്‍ഡിന് ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച ഏലക്കയില്‍ ഗുരുതരമായ അളവില്‍ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. സ്പൈസസ് ബോര്‍ഡിലാണ് പരിശോധന നടന്നത്. പതിന്നാലിനം കീടനാശിനികളുടെ അനുവദനീയമായതിലുമധികം അളവില്‍ ഈ ഏലക്കയിലുണ്ടായിരുന്നു. കുമിളനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
എഫ്.എസ്.എസ്.എ.ഐ.യുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഏലക്ക ഉപയോഗിച്ച് അരവണ ഉണ്ടാക്കുന്നുണ്ടോ എന്നും എത്ര അരവണ സ്റ്റോക്കുണ്ടെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. ആറു ലക്ഷത്തോളം ടിന് അരവണ ശബരിമലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഇതിന് മറുപടി അറിയിച്ചു. തുടര്‍ന്ന് ഇവ ഇനി വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തീര്‍ഥാടകരുടെ താത്പര്യം സംരക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ പ്രധാനമാണെന്നും കോടതി പറഞ്ഞു.
ഇതോടെ മകര വിളക്ക് തീര്‍ഥാടന സമയത്ത് അരവണ വിതരണത്തില്‍ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. ഇനി പുതിയ അരവണ ഉത്പാദിപ്പിച്ച ശേഷംമാത്രമേ തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യൂ. നാളെ മുതലായിരിക്കും ഏലക്കയില്ലാത്ത പുതിയ അരവണപ്പായസം നല്‍കുക