‘ഭാര്യ ദേഷ്യത്തിലാണ്, അവധി നല്‍കണം’: പൊലീസുകാരന്റെ അവധി അപേക്ഷ വൈറല്‍
ഒരു പൊലീസുകാരന്റെ അവധി അപേക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതന്‍വ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു കോണ്‍സ്റ്റബിളിന്റെ കത്താണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ഭാര്യ ദേഷ്യത്തിലാണ്, ഫോണ്‍ എടുക്കുന്നില്ലെന്നും അവധി നല്‍കണമെന്നുമാണ് ഇയാളുടെ ആവശ്യം.
കഴിഞ്ഞ മാസമാണ് കോണ്‍സ്റ്റബിള്‍ വിവാഹിതനായത്. മൗ ജില്ലയിലെ താമസക്കാരനും ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയിലെ പിആര്‍ബിയില്‍ നിയമിതനുമാണ് നവവരനായ പൊലീസുകാരന്‍. ലീവ് കിട്ടാത്തതിനാല്‍ ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ലെന്നും പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോണ്‍ അമ്മയ്ക്ക് കൈമാറിയെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു.
സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ലീവ് ലഭിക്കാതെ പോകാന്‍ കഴിയില്ല. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പൊലീസുകാരന്‍ കത്തില്‍ അപേക്ഷിക്കുന്നു. അപേക്ഷ വായിച്ച അസിസ്റ്റന്റ് സൂപ്രണ്ട് (എഎസ്പി) ജനുവരി 10 മുതല്‍ കോണ്‍സ്റ്റബിളിന് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിച്ചു. എന്തായാലും പൊലീസുകാരന്റെ ഈ അപേക്ഷ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.