കുട്ടനാട് വീണ്ടും താഴുന്നുവെന്ന് പഠന റിപ്പോർട്ട്; കൊല്ലത്തെ തുരുത്തുകളും താഴുന്നു

Spread the love

പ്രളയത്തിനു ശേഷം കുട്ടനാടിന്റെ പല മേഖലകളും 20 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ന്നതായി ഗവേഷകർ. കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് കൈനകരി, മങ്കൊമ്പ് മേഖലകളിൽ ഭൂനിരപ്പ് താഴുന്നതായി കണ്ടെത്തിയത്. എടത്വ, തലവടി തുടങ്ങി താരതമ്യേന ഉയർന്ന ഭാഗങ്ങളിൽ ഈ പ്രശ്‌നമില്ലെന്നും പഠനത്തിലുണ്ട്.

ബണ്ടുകൾ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയാൽ പ്രശ്‌നം പരിഹരിക്കാമെന്നാണ് പഠന സംഘത്തിന്റെ വിലയിരുത്തൽ. ബണ്ടുകൾ നിലവിലുള്ളതിനെക്കാൾ 60 സെന്റീമീറ്റർ ഉയർത്തണമെന്നും  ഡോ.പത്മകുമാർ പറഞ്ഞു. 2018ലെ പ്രളയത്തിൽ ഏറെ നാൾ കുട്ടനാട്ടിലെ കരഭൂമിയിലും വയലിലും വെള്ളം കെട്ടിക്കിടന്നതാണ് ഭൂമി താഴാൻ കാരണം. കെട്ടിക്കിടന്ന വെള്ളം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി അടിത്തട്ടിലെ മണ്ണിനെ കൂടുതൽ അടുപ്പിച്ചു. ഇതോടെയാണ് ഭൂനിരപ്പ് താഴ്ന്നു തുടങ്ങിയത്. ഇതുമൂലമാണ് സമീപ വർഷങ്ങളിൽ വേലിയേറ്റം വെള്ളക്കെട്ടായി മാറുന്നതെന്നും പഠനത്തിലുണ്ട്.

കുട്ടനാടിന് പുറമേ, കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം എന്നിവിടങ്ങളും അപകടകരമാംവിധം താഴുകയാണെന്നു പഠനത്തിൽ കണ്ടെത്തി. കായലിൽ ആവശ്യത്തിന് എക്കലില്ലാത്തതിനാലാണ് തുരുത്തുകൾ താഴുന്നത്.

Leave a Reply

Your email address will not be published. Required fields are marked *