കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളില്‍ നോര്‍ക്കക്ക് കൃത്യതയില്ലെന്ന് ആരോപണം

Spread the love

കൊറോണ ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളില്‍ നോര്‍ക്കക്ക് കൃത്യതയില്ലെന്ന് ആരോപണം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദുബായ് ഇന്‍കാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കിയോ എന്ന ചോദ്യത്തിനുള്ള മറുപടിയും തൃപ്തികരമല്ലെന്ന് ഇന്‍കാസ് ആരോപിച്ചു .
കൊറോണക്കാലത്ത് വിവിധ രാജ്യങ്ങളിലെ ലോക്ക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടവരില്‍ നിരവധിയാളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാതെ വിദേശത്ത് തന്നെ അടക്കം ചെയ്യേണ്ട സാഹചര്യം നിലനിന്നിരുന്നു. അതിനാല്‍ ഈ കാലയളവില്‍ കൊറോണ ബാധിച്ച് എത്ര പേര്‍ മരണപ്പെട്ടെന്നുളള കണക്കാണ് ഇന്‍കാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖ് അലി നോര്‍ക്കയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് തൃപ്തികരമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നാണ് ആരോപണം.
കൃത്യമായ രേഖകളോടെ വിദേശത്തേക്ക് പോകുന്ന ആളുകളായിട്ടും ഇവരുടെ കണക്കുകള്‍ നോര്‍ക്കയുടെ പക്കലില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും പ്രവാസികളുടെ വിഷയത്തില്‍ കാര്യക്ഷമമായി ഇടപടാന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും സാദിഖ് അലി പറഞ്ഞു.
പല പ്രവാസി കുടുംബങ്ങളും ഇത്തരം ധനസഹായങ്ങളെ കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലെന്നും, അവര്‍ക്കു കൂടി ഇത് ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായി അതത് ജില്ലകളില്‍ കമ്മിറ്റി രൂപീകരിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ധനസഹായമെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *