കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; പരിശോധന വേണ്ട ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ സ്‌കൂള്‍സമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. എന്നാല്‍ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധമുള്ള ദേഹ, ബാഗ് പരിശോധന നടത്തുന്നത് കര്‍ശനമായി ഒഴിവാക്കണം.
കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
വടകര പുതുപ്പണം സ്വദേശി ഷാജി പി.യുടെ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാര്‍, അഗംങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഷാജിയുടെ മകന്‍ രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളില്‍ കൊണ്ടുപോയ മൊബൈല്‍ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ചികിത്സാ വിവരങ്ങള്‍ അടക്കമുണ്ടായിരുന്ന ഫോണ്‍ വിട്ടുകിട്ടുന്നതിനായാണ് കമ്മിഷനെ സമീപിച്ചത്.
ഫോണ്‍ മൂന്നുദിവസത്തിനകം വിട്ടുനല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും മൊബൈല്‍ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടുന്നതിനും ലേലംവിളിച്ച് പി.ടി.എ. ഫണ്ടിലേക്ക് മുതല്‍കൂട്ടാമെന്നും 2010ല്‍ പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.