ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ ഹോട്ടല്‍ നോട്ടീസ് നല്‍കിയിട്ടും പൂട്ടിയില്ല; ഭക്ഷ്യ സുരക്ഷാ വകുപ്പെത്തി അടപ്പിച്ചു
കൊച്ചി: ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ എറണാകുളത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ അടപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടും പൂട്ടാതിരുന്നതോടെയാണ് നടപടി കൈക്കൊണ്ടത്. പശ്ചിമ കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വ്യാപക പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്.
കൊച്ചിയിലെ കായാസ് ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തി. ഇന്നലെ തന്നെ ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹോട്ടല്‍ പ്രവര്‍ത്തിച്ചതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടി കൈക്കൊണ്ടത്.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാനത്ത് മുഴുവന്‍ പരിശോധനാ അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് രണ്ടുദിവസത്തിനകം രൂപീകരിക്കും. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ മൂലം മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും. ഭക്ഷണത്തില്‍ മായം കലര്‍ത്തിയ ശേഷം സ്ഥാപനം പൂട്ടിയാല്‍ വീണ്ടും തുറക്കല്‍ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.