ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.

Spread the love

തിരുവനന്തപുരം:ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പരാതികള്‍ സമര്‍പ്പിക്കാന്‍ സമയം. അരലക്ഷത്തിലധികം പരാതികളാണ് ഇതിനകം തന്നെ ഹെല്‍പ് ഡെസ്‌കുകള്‍ വഴി ലഭിച്ചത്. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ നിര്‍മ്മിതികളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്താനായിട്ടില്ല. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കുകളിലായി 54607 പരാതികളാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 17054 പരാതികള്‍ പരിഹരിച്ചുവെന്ന് പറയപ്പെടുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ മാത്രം 12445 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെന്നിരിക്കെ, വയനാട്ടില്‍ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ മിക്ക മേഖലകളിലും പൂര്‍ത്തിയാക്കാനായിട്ടില്ല. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള ‘അസറ്റ് മാപ്പര്‍ ആപ്പ്’ സെര്‍വര്‍ തകരാര്‍ മൂലം പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ബഫര്‍സോണ്‍ ഉത്തരവ് നടപ്പായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്. തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയത്. ബത്തേരി ഉള്‍പ്പടെയുള്ള മറ്റിടങ്ങളില്‍ പകുതി സ്ഥലങ്ങളില്‍ പോലും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനായില്ല. പഞ്ചായത്ത് ഭരണസമിതികള്‍ വൊളണ്ടിയര്‍മാരെ രംഗത്ത് ഇറക്കിയെങ്കിലും അസറ്റ് മാപ്പര്‍ ആപ്പ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഫീല്‍ഡ് സര്‍വേ മുടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *