ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന് അപേക്ഷിച്ച് ആറുവയസുകാരന്‍

Spread the love

ഹൈദരാബാദ്: അര്‍ബുദബാധിതനായ ആറുവയസുകാരന്റെ ഹൃദയ്പര്‍ശിയായ
അസാധാരണ അഭ്യര്‍ഥനയുടെ കഥ പങ്കുവെച്ച് ഡോക്ടര്‍. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാറാണ് ഹൃദ്യമായ അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. താന്‍ കാന്‍സര്‍ ബാധിതനാണെന്ന കാര്യം മാതാപിതാക്കളോട് പറയരുതെന്നാണ് ആറുവയസുകാരന്‍ തന്നോട് അഭ്യര്‍ഥിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. ഒപിയില്‍ അന്നും തിരക്കേറിയ ദിവസമായിരുന്നു. അപ്പോഴാണ് യുവദമ്പതികള്‍ തന്റെ മുറിയിലേക്ക് കടന്നുവന്നത്. അവരുടെ മകന്‍ മനുവിന് കാന്‍സറാണ്.
‘മനു പുറത്തിരിക്കുകയാണ്. അവനോട് ഞങ്ങള്‍ക്ക് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറും ഇക്കാര്യം പറയരുത്’. ആ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചു. മാതാപിതാക്കളുടെ അഭ്യര്‍ഥന അംഗീകരിച്ച താന്‍ അവരുടെ മകന്‍ മനുവിനെ കണ്ടു. വീല്‍ചെയറിലിരിക്കുകയായിരുന്ന അവന്റെ മുഖത്ത് ആത്മവിശ്വാസം കാണാമായിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ മനുവിന് തലച്ചോറിന്റെ ഇടതുവശത്ത് ഗ്ലിയോബ്ലാസ്റ്റോമ മള്‍ട്ടിഫോര്‍ം ഗ്രേഡ് 4 ആണെന്ന് കണ്ടെത്തിയിരുന്നു. മസ്തിഷ്‌ക കാന്‍സര്‍ സ്ഥിരീകരിച്ചതോടെ വലതു കൈയ്ക്കും കാലിനും പക്ഷാഘാതം സംഭവിച്ചു. തുടര്‍ന്ന് ഓപ്പറേഷനും കീമോതെറാപ്പിയിലുമായിരുന്നു കുട്ടി. മനുവിന്റെ ചികിത്സയെക്കുറിച്ച് ഡോക്ടര്‍ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യുകയും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.
അവര്‍ പോകാനൊരുങ്ങിയപ്പോള്‍ ഡോക്ടറോട് തനിച്ച് സംസാരിക്കണമെന്ന് മനു ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ മുറിക്ക് പുറത്തേക്ക് പോയ ശേഷം അവന്‍ അടുത്തേക്ക് വന്നു.
ഡോക്ടര്‍ ഞാനീ രോഗത്തെക്കുറിച്ച് ഐപാഡില്‍ എല്ലാം വായിച്ചിട്ടുണ്ട്, ഇനി 6 മാസം കൂടി മാത്രമേ ജീവിക്കാനാവൂ എന്ന് എനിക്കറിയാം, പക്ഷേ ഇക്കാര്യം മാതാപിതാക്കളുമായി പങ്കുവെച്ചിട്ടില്ല. അവര്‍ക്കത് താങ്ങാനാവില്ല…അവര്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്… ദയവായി അവരോട് ഇക്കാര്യം പങ്കുവെക്കരുത്….’ അവന്റെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്നും കുറച്ച് നേരത്തേക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഡോക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പക്ഷേ ആ കുരുന്നിനെ താന്‍ ചേര്‍ത്തുപിടിച്ചു. അവന്‍ ആവശ്യപ്പെട്ടതു പോലെ ഇക്കാര്യം മാതാപിതാക്കളോട് പറയില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ മനുവിന്റെ മാതാപിക്കളോട് അവന്‍ പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചു. ‘എത്ര സമയം ബാക്കിയുണ്ടെങ്കിലും, ആ കുടുംബം ഒരുമിച്ച് ആസ്വദിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അതിലുപരിയായി, മനുവിന് തന്റെ രോഗത്തെക്കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവന് കൊടുത്ത വാക്ക് പാലിക്കാഞ്ഞതെന്നും ഡോക്ടര്‍ കുറിച്ചു. മകന് രോഗവിവരം അറിയാമെന്ന കാര്യം കേട്ടപ്പോള്‍ മാതാപിതാക്കളുടെ കണ്ണുനിറയുന്നത് തനിക്ക് കാണാമായിരുന്നു. അവര്‍ നന്ദി പറഞ്ഞ് യാത്രയായി.
ഒമ്പതു മാസങ്ങള്‍ക്ക് ശേഷം മനുവിന്റെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വീണ്ടുമെത്തി. ‘ഡോക്ടറെ കണ്ടതിന് ശേഷം ഞങ്ങള്‍ മനുവിനൊപ്പം ഒരുപാട് നല്ല സമയം ചെലവഴിച്ചു. അവന് ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങള്‍ ജോലിയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്ത് അവനെ അതെല്ലാം കാണിച്ചുകൊടുത്തു. ഒരു മാസം മുമ്പ് ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെട്ടു. ആ മികച്ച 8 മാസങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി പറയാനാണ് ഇന്നത്തെ സന്ദര്‍ശനം’… അവര്‍ പറഞ്ഞു നിര്‍ത്തിയെന്നും ഡോക്ടര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *