കൊടുംക്രിമിനല്‍ എല്‍ ചാപ്പോയുടെ മകന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
മെക്‌സിക്കോ: തടവില്‍ കഴിയുന്ന കുപ്രസിദ്ധ മയക്കുമരുന്ന് പ്രഭു എല്‍ ചാപ്പോയുടെ മകന്‍ കാപ്പോ ഒവിഡിയോ ഗുസ്മാന്‍ മെക്‌സിക്കോയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒവിഡിയോയെ 2019 ഒക്ടോബറില്‍ വടക്കന്‍ സംസ്ഥാനമായ സിനലോവയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തെങ്കിലും മയക്കുമരുന്ന് സംഘത്തില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിട്ടയക്കുകയായിരുന്നു.
സര്‍ക്കാരിന് അപമാനമായി കലാശിച്ച പരാജിതശ്രമത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് പുതിയ സംഭവം. ഒവിഡിയോ ഇപ്പോള്‍ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഉണ്ട്. അറസ്റ്റിന് പിന്നാലെ വന്‍ ഏറ്റുമുട്ടലാണ് നടക്കുന്നത്. വടക്കന്‍ സംസ്ഥാനമായ സിനലോവയിലെ പ്രധാന നഗരമായ കുലിയാക്കനില്‍ മയക്കുമരുന്ന്ഗുണ്ടാ സംഘങ്ങള്‍ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടു. സംഭവത്തിന്റെ സ്ഥിരീകരിക്കാത്ത വീഡിയോള്‍ പുറത്തുവന്നിട്ടുണ്ട്.
കുലിയാക്കനില്‍ ഒറ്റരാത്രികൊണ്ട് കനത്ത പോരാട്ടം നടന്നതായാണ് വിഡിയോകള്‍ കാണിക്കുന്നത്. നഗരത്തിലെ വിമാനത്താവളം അടച്ചുപൂട്ടി, പ്രദേശവാസികളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനലോവ കാര്‍ട്ടലിന്റെ 32 കാരനായ മുതിര്‍ന്ന അംഗത്തെ സുരക്ഷാ സേന പിടികൂടിയതായി പ്രതിരോധ മന്ത്രി ലൂയിസ് ക്രെസെന്‍സിയോ സാന്‍ഡോവല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെക്‌സിക്കോയിലെ ഏറ്റവും വലിയ ലഹരിമാഫിയയുടെ അധിപനായിരുന്നു ജോഖിന്‍ ഗുസ്മാന്‍ ലോറ അഥവാ എല്‍ ചാപ്പോ. യുഎസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പിടികിട്ടാപ്പുള്ളി. പല തവണ മെക്‌സിക്കന്‍ അധികൃതര്‍ പിടികൂടി തുറുങ്കിലടച്ച എല്‍ ചാപ്പോ സിനിമാക്കഥകളെ വെല്ലുന്ന ജയില്‍ച്ചാട്ടങ്ങളിലൂടെയാണു ലോകശ്രദ്ധ നേടിയത്. ഇപ്പോള്‍ ചാപ്പോ യുഎസിലെ ജയിലിലാണ്.
പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് പ്രഭുവിനെ പിടികൂടിയത്. ഈ സംഭവം പെഗസസിന്റെ ഏറ്റവും വലിയ വിജയമായി കരുതപ്പെടുന്നു.