ഭാര്യ ഇല്ലാതെ ജീവിക്കാനാകുന്നില്ല; കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി, ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍,
കൊല്‍ക്കത്ത: കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍. തന്റെ ഭാര്യയുടെ വേര്‍പാട് താങ്ങാനാകില്ലെന്ന് മനസിലാക്കിയപ്പോഴാണ് 65 കാരനായ തപസ് ഷാന്‍ഡില്യ ഭാര്യ ഇന്ദ്രാണിയുടെ ശില്പം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
കൊല്‍ക്കത്ത നഗരത്തിലെ കൈഖലി പ്രദേശത്ത് താമസിക്കുന്ന തപസ് വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് അദ്ദേഹത്തിന് ഇന്ദ്രാണിയെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് പ്രതിമ നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്.
10 വര്‍ഷം മുമ്പ് തപസ് ഭാര്യയോടൊപ്പം മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ പോയിരുന്നു. അവിടെ ഭക്തിവേദാന്ത സ്വാമിയുടെ പ്രതിമ ഇരുവരെയും വളരെ ആകര്‍ഷിച്ചു. അന്ന് തപസിനോട് തമാശയായി ഇന്ദ്രാണി പറഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ തനിക്കായും ഒരു ശില്‍പ്പം നിര്‍മ്മിക്കണമെന്ന്.
എന്നാല്‍ നിനച്ചിരിക്കാതെ ഭാര്യ നഷ്ടമായപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന അവസ്ഥയിലായിരുന്നു തപസ്. നാളുകള്‍ക്ക് ശേഷം ഭാര്യ ഒപ്പമില്ലാത്ത ജീവിക്കാനാവില്ലെന്ന് മനസിലായി. അപ്പോഴാണ് ഇന്ദ്രാണിയുടെ വാക്കുകള്‍ ഓര്‍മ്മയിലേക്ക് വന്നത്.
തുടര്‍ന്ന് ഭാര്യയുടെ അവസാന ആഗ്രഹം നിറവേറ്റുന്നതിനായി ഇന്റര്‍നെറ്റില്‍ സിലിക്കണ്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. ഒടുവില്‍ ഭാര്യയുടെ പ്രതിമ നിര്‍മ്മിക്കാനുള്ള ചുമതല അദ്ദേഹം ശില്‍പിയായ സുബിമല്‍ ദാസിനെ ഏല്‍പ്പിച്ചു.
ആദ്യം താന്‍ ഒരു കളിമണ്‍ മാതൃക ഉണ്ടാക്കിയെന്നും പിന്നീട് ഫൈബര്‍ മോള്‍ഡിംഗും സിലിക്കണ്‍ കാസ്റ്റിംഗും നടത്തിയെന്നും സുബിമല്‍ പറയുന്നു. ആറ് മാസം കൊണ്ട് നിര്‍മ്മിച്ച പ്രതിമയ്ക്ക് 2.5 ലക്ഷം രൂപ ചിലവായി. ഇന്ന് തപസ് ആ ശില്‍പ്പത്തിനൊപ്പമാണ് സമയം ചിലവഴിക്കുന്നത് .
ഭാര്യയെപ്പോലെ തന്നെയാണ് തപസ് പ്രതിമയെ പരിപാലിക്കുന്നത്. എല്ലാ ദിവസവും വസ്ത്രം ധരിപ്പിക്കുന്നു, സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിക്കുന്നു, സംസാരിക്കുകയും ചെയ്യുന്നു. അതേസമയം, തപസിന്റെ ഭാര്യയോടുള്ള സ്‌നേഹവും ഇന്ദ്രാണിയുടെ പ്രതിമയും നാട്ടില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.