ഒമ്പതു മണിക്കു തന്നെ അരങ്ങുണര്‍ന്നു നാടോടി നൃത്തവും ഒപ്പനയും നാടകവും ഇന്ന് അരങ്ങേറും; കണ്ണൂര്‍ മുന്നില്‍, കോഴിക്കോട് തൊട്ടു പിന്നില്‍
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം മത്സരങ്ങള്‍ സമയത്തു തുടങ്ങിയെങ്കിലും ആസ്വാദകരെത്താതെ സദസ്സ്. മുഖ്യവേദിയായ വിക്രം മൈതാനിയിലെ അതിരണിപ്പാടത്ത് ഗ്ലാമര്‍ ഇനങ്ങളിലൊന്നായ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തമാണ് ഒമ്പതു മണിക്കു തന്നെ അരങ്ങേറിയത്.
രണ്ടാം ദിനമായ ഇന്ന് 59 ഇനങ്ങള്‍ വേദി കയറും. ജനപ്രിയ ഇനങ്ങളായ ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്തത്തിനു ശേഷം ഒപ്പനയും അതിരണിപ്പാടം വേദിയില്‍ അരങ്ങേറും. ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുക. രാവിലെ 9 മണിയോടെ എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാള നാടകം അരങ്ങേറുന്ന സാമൂതിര സ്‌കൂളിലെ ഭൂമി വേദിയില്‍ രാവിലെ തന്നെ നാടകാസ്വാദകര്‍ സദസ്സ് നിറച്ചിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 64 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 250 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 248 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. 243 പോയിന്റുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 241 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. ആകെയുള്ള 230 ഇനങ്ങളില്‍ 25 ശതമാനം മത്സരങ്ങളാണ് പൂര്‍ത്തിയായത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 25 മത്സരങ്ങളാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29 ഇനങ്ങളും ഹൈസ്‌കൂള്‍ സംസ്‌കൃതത്തില്‍ 19ല്‍ നാല് ഇനങ്ങളും അറബിക് വിഭാഗത്തില്‍ 19ല്‍ ആറ് മത്സരങ്ങളുംാണ് പൂര്‍ത്തിയായത്. ആദ്യ ദിവസം പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതിനാല്‍ വളരെ വൈകിയാണ് വേദികളില്‍ തിരശ്ശീല വീണത്.
തൃശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ രചനാ മത്സര ജേതാക്കള്‍ക്ക് അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരം നല്‍കും. കഥ, കവിത, ലേഖന മത്സര വിജയികള്‍ക്കാണ് അങ്കണം സ്മൃതി വേദി പുരസ്‌കാരം നല്‍കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ എ ഗ്രേഡ് നേടിയ കഥ, കവിത, ലേഖന ജേതാക്കള്‍ക്കാണ് പുരസ്‌കാരം നല്‍കുക. വിദ്യാര്‍ഥികളോ സ്‌കൂള്‍ അധികൃതരോ കലോത്സവ വിജയിക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ജനുവരി 31നകം ഹാജരാക്കണം.