അഞ്ജലി മദ്യപിച്ചിരുന്നു; എന്നിട്ടും സ്കൂട്ടറിൽ യാത്ര ചെയ്യാൻ നിർബന്ധിച്ചു: സുഹൃത്ത്
ഇടിച്ചിട്ട കാർ വലിച്ചിഴച്ചതിനെ തുർന്ന് കൊല്ലപ്പെട്ട അമൻ വിഹാർ സ്വദേശിനിയായ അഞ്ജലി സിങ് (20) മദ്യപിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി. എന്നിട്ടും സ്കൂട്ടറിൽ യാത്ര ചെയ്യാൻ അഞ്ജലി നിർബന്ധിച്ചുവെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. അഞ്ജലി കാറിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഡ്രൈവർക്ക് അറിയാമായിരുന്നുവെന്നും നിധി പറഞ്ഞു.
ന്യൂ ഇയർ പാർട്ടിക്ക് അഞ്ജലി സിങ്ങിനൊപ്പം പോയ നിധി, അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യലഹരിയിൽ യുവാക്കളുടെ കാർ അഞ്ജലിയുടെ സ്‌കൂട്ടറിൽ ഇടിച്ചശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ‘ഞങ്ങളെ കാർ ഇടിച്ചു. ഞാൻ ഒരു വശത്തേക്ക് വീണു. അവൾ മുൻവശത്തേക്ക് വീണു. അവൾ കാറിനടിയിൽ കുടുങ്ങി. കാറിൽ കുടുങ്ങിയത് അവർ അറിഞ്ഞിരുന്നു. എന്നാൽ അവർ മനഃപൂർവം വലിച്ചിഴച്ചു. മുന്നോട്ടും പിന്നോട്ടും കാറിനടിയിലേക്ക് വലിച്ചിഴച്ചു. അവൾ നിലവിളിച്ചു. ഞാൻ നിരാശപ്പെട്ട് വീട്ടിലേക്ക് പോയി. പരിഭ്രാന്തയായി ആരോടും ഒന്നും പറഞ്ഞില്ല. ഒരുപാട് കരഞ്ഞു’’– അവർ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂട്ടിയിൽ ഇടിച്ചതിനെത്തുടർന്ന് പരിഭ്രാന്തരായെന്നും യുവതി കുടുങ്ങിയതായി അറിയില്ലായിരുന്നുവെന്നുമാണ് കാറിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസിനോട് പറഞ്ഞത്. ഹരിയാനയിലെ മുർത്തലിൽനിന്ന് മടങ്ങുകയായിരുന്ന സംഘം മദ്യപിച്ചിരുന്നു. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ട് വച്ചിരുന്നു. ഇതുകാരണം യുവതിയുടെ കരച്ചിലൊന്നും കേട്ടില്ല. ജോണ്ടി ഗ്രാമത്തിന് സമീപം യു ടേൺ എടുക്കുന്നതിനിടെയാണ് യുവതിയുടെ കൈ കണ്ടത്. തുടർന്ന് കാർ നിർത്തി മൃതദേഹം അവിടെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.