വിമാനത്താവളത്തിൽ ഷർട്ട് അഴിപ്പിച്ചു; അപമാനകരമെന്ന് യുവഗായിക

Spread the love

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് ഊരാൻ ആവശ്യപ്പെട്ട അനുഭവം പങ്കിട്ട് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അരങ്ങേറിയ സംഭവം വിദ്യാർഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്.

‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തിൽവച്ച് ഞാൻ ധരിച്ചിരുന്ന ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. ഉൾവസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റിൽ നിൽക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തിൽ ഒരു അവസ്ഥയിൽ നിൽക്കാൽ ആഗ്രഹിക്കില്ല.’- എന്ന് കൃഷാനി ട്വിറ്ററിൽ കുറച്ചു. നിങ്ങളെന്തിനാണ് സ്ത്രീകൾ വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്.

യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതർ രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു. ഓപറേഷൻ ടീമിനെയും സർക്കാരിന്റെ അധീനതയിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെയും കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അവർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. എന്തുകൊണ്ടാണ് യുവതി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനോ വിമാനത്താവള പൊലീസിലോ പരാതി നൽകാത്തതെന്നാണെന്നും സുരക്ഷാ ഏജൻസികൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *