കലാമാമാങ്കത്തിന്റെ കേളികൊട്ടിന് ഇനി നിമിഷങ്ങള്‍…
കോഴിക്കോട്: അഞ്ചു നാള് നീളുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയരാന്‍ നിമിഷങ്ങള്‍ മാത്രം. മുഖ്യവേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
കലോത്സവം വന്‍വിജയമാക്കാന്‍ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞുവെന്നും 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേല്‍ക്കാന്‍ സജ്ജമാണെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും സംഘാടക സമിതി ചെയര്മാന് കൂടിയായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. കലോത്സവ പ്രതിഭകളുടെ രജിസ്റ്ററേഷന് ഇന്നലെ രാവിലെ ആരംഭിച്ചു.
കൗമാര മേളയ്ക്കെത്തിയ കുട്ടികളുടെ ആദ്യ സംഘത്തെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാര്‍ സ്വീകരിച്ചു. ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നലെ ഉച്ചയോടെ എത്തിയ കലാപ്രതിഭകളെ പൂച്ചെണ്ടുകളും ഹാരാര്‍പ്പണവും നടത്തി സ്വീകരിച്ചതിനൊപ്പം കോഴിക്കോടന്‍ ഹല്‍വയും നല്കി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളില്‍ നിന്നെത്തിയ ആദ്യ ബാച്ചിനെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പ്രത്യേകം സജ്ജീകരിച്ച കലോത്സവ വണ്ടിയില്‍ കയറ്റുകയായിരുന്നു.
താമസ സൗകര്യത്തിനായി 20 അക്കോമഡേഷന്‍ സെന്ററുകള്‍ സജ്ജമാണ്. മത്സരത്തിനുള്ള വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി 30 വാഹനങ്ങള്‍ ‘കലോത്സവ വണ്ടി’ എന്ന പേരില്‍ അലങ്കരിച്ച് ഉപയോഗിക്കും. കാലിക്കറ്റ് സിറ്റി സര്‍വിസ് കോഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ സൗജന്യ ഓട്ടോറിക്ഷകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും കലോത്സവത്തിനായി തയ്യാറാണ്.
2020ലെ ജേതാക്കളായ പാലക്കാടു നിന്ന് പ്രയാണമാരംഭിച്ച കലോത്സവ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാര്‍ സ്വീകരിച്ചു. ഘോഷയാത്രയായി നഗരത്തിലെത്തിയ സ്വര്‍ണക്കപ്പ് മാനാഞ്ചിറ സ്ക്വയറില്‍ രണ്ടു മണിക്കൂര്‍ നേരം പ്രദര്‍ശനത്തിന് വച്ചിരുന്നു.
മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ സജ്ജീകരിച്ച രുചി വൈവിധ്യങ്ങള്‍ നിറയുന്ന ഊട്ട്പുര ചക്കരപ്പന്തല്‍ പായസമേളയോടെ ഔദ്യോഗികമായി തുറന്നുകൊടുത്തു. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഭക്ഷണശാലയില്‍ മൂന്നു ഷിഫ്റ്റുകളിലായി 1200 അധ്യാപകര്‍ ഭക്ഷണം വിതരണത്തിനുണ്ടാകും.
പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയില്‍ ഭക്ഷണംഒരുങ്ങുന്നത്. എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയത്.
മധുരത്തെരുവ്, പാലൈസ്, തണ്ണീര്‍ പന്തല്‍, കല്ലുമ്മക്കായ്, സുലൈമാനി തുടങ്ങി കോഴിക്കോടന്‍ പേരുകള്‍ നല്കിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴു മുതല്‍ രാത്രി പത്തു വരെ ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുക.
മീഡിയ പവലിയന് ഉദ്ഘാടനം മുഖ്യവേദിയായ വിക്രം മൈതാനിയില്‍ മന്ത്രിമാര്‍ നിര്‍വഹിച്ചു. ലഹരിയല്ല ലഹരി, കലയാണ് ലഹരി എന്ന പ്രമേയവുമായി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലോത്സവ ഫഌഷ് മോബ് സിനി ആര്‍ടിസ്റ്റ് വിനോദ് കോവൂര്‍ ഉദ്ഘാടനം ചെയ്തു.