ചൈനയിൽ നിന്നു ഖത്തറിലേക്ക് എത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Spread the love

ചൈനയിൽ നിന്നു ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചൈനയിൽ നിന്നെത്തുന്ന ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ, സന്ദർശകർ എന്നിവർ ഉൾപ്പെടെയുള്ളവർ ഖത്തറിലേക്കുള്ള യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

യാത്രക്കാർ കോവിഡ് വാക്സിനേഷൻ എടുത്തവരാണെങ്കിലും അല്ലെങ്കിലും ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ഖത്തറിലേക്ക് എത്തുന്ന യാത്രക്കാരുടെയും രാജ്യത്തെ കമ്യൂണിറ്റികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനയിൽ കോവിഡ് വ്യാപനം കടുത്ത സാഹചര്യത്തിലാണു മുൻകരുതൽ. വ്യവസായ, വാണിജ്യ, ബിസിനസ് ആവശ്യങ്ങൾക്കായി ഖത്തറിൽ നിന്ന് നിരവധി സ്വദേശി-പ്രവാസികളാണ് ചൈന സന്ദർശിക്കുന്നത്. നിലവിലെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ദോഹയിലെത്തുമ്പോൾ ക്വാറന്റീൻ വേണ്ട. എന്നാൽ ഖത്തറിലെത്തുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽ ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് ഐസലേഷനിൽ പാർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *